അംഗീകാര വോട്ടിങ് — യഥാർത്ഥ ജനവിധി


ജനാധിപത്യം എന്നാൽ ഭൂരിപക്ഷത്തിന്റെ ഭരണമാണെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ എടുത്തു നോക്കിയാൽ ഒരു കാര്യം മനസ്സിലാകും 30% മുതൽ 40% വരെ വോട്ട് നേടിയാണ് ഒരു സ്ഥാനാർഥി നിലവിൽ ജയിക്കുന്നത്. നിലവിലെ വോട്ടെടുപ്പ് സമ്പ്രദായത്തിൽ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർഥി ജയിക്കുകയാണ്. അതിനു ഈ 30%-40% വരെ ജനപിന്തുണ മതി. അതായത് 60% മുതൽ 70% വരെ ജനങ്ങൾക്ക് താല്പര്യമില്ലാത്ത ഒരുവനാണ് “ഭൂരിപക്ഷം നേടി” തിരഞ്ഞെടുക്കപ്പെടുന്നത്. ചുരുക്കത്തിൽ, ഭൂരിപക്ഷം പേർക്കും താല്പര്യമില്ലാത്ത ഒരാൾ നമ്മളെ ഭരിക്കുന്ന വിചിത്രമായ ഏർപ്പാടാണ് നിലവിലുള്ളത്. ഈ ഏർപാടിനുള്ള ഒരു പരിഹാരമാണ് അംഗീകാര വോട്ടിംഗ് (Approval Voting) എന്ന വോട്ടിങ് ശൈലി.

എന്താണ് അംഗീകാര വോട്ടിങ്

നിലവിലെ വോട്ടിങ് രീതിയിൽ ബാലറ്റിലുള്ള ഒരാൾക്ക് മാത്രമേ ഒരു വോട്ടർക്ക് വോട്ട് ചെയ്യാൻ സാധിക്കൂ. വോട്ട് എണ്ണിക്കഴിഞ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സ്ഥാനാർഥി ജയിക്കുന്നു. ഈ രീതിയെ ആണ് first past the post (FPTP) എന്ന് വിശേഷിപ്പിക്കുന്നത്. ഈ വോട്ടിങ് രീതിക്ക് ഒരു ബദലാണ് അംഗീകാര വോട്ടിങ്.

ഇതിൽ ബാലറ്റിലുള്ള സ്ഥാനാർത്ഥികൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാൻ സാധിക്കുന്നതാണ് അംഗീകാര വോട്ടിങ്. അതായത് ബാലറ്റിലുള്ള അഞ്ച് സ്ഥാനാർത്ഥികളിൽ മൂന്ന് പേർ കൊള്ളാമെന്ന് തോന്നിയാൽ, ആ മൂന്ന് പേർക്കും വോട്ട് ചെയ്യാൻ സാധിക്കും. നിലവിലെ പോലെ തന്നെ, വോട്ടെണ്ണുമ്പോൾ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നയാൾ വിജയിക്കുകയും ചെയ്യും. അതായത് നാട്ടുകാർക്ക് മൊത്തത്തിൽ ഏറ്റവും കൂടുതൽ ‘സമ്മതനായ’ ആൾ ജയിക്കുന്നു.

An example ballot illustrationg difference of FPTP and Approval Voting methods

എന്ത് കൊണ്ട് അംഗീകാര വോട്ടിങ്

  • “അവന് വോട്ട് ചെയ്തിട്ട് എന്ത് കാര്യം, അവൻ എന്തായാലും ജയിക്കില്ലല്ലോ” എന്നോർത്ത് ഇഷ്ടമില്ലാത്ത സ്ഥാനാർഥിക്ക് മനസ്സില്ലാമനസ്സോടെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന — തന്റെ വോട്ട് പാഴാവുമോ എന്ന ചിന്ത — അംഗീകാര വോട്ടിങ്ങിൽ ഇല്ലാതാവും. ജയസാധ്യത നോക്കി വോട്ട് പാഴാക്കുമെന്ന ഭയമില്ലാതെ, തനിക്ക് ബോധ്യമുള്ള എല്ലാവർക്കും ഒരേസമയം വോട്ട് നൽകി യഥാർത്ഥ ജനവിധി രേഖപ്പെടുത്താൻ അംഗീകാര വോട്ടിംഗ് ഒരുവനെ പ്രാപ്തനാക്കുന്നു.

  • വോട്ട് ഭിന്നിപ്പിച്ചു ജയസാധ്യത ഉറപ്പിക്കാം എന്ന പരിപാടി നടക്കില്ല. കാരണം, വോട്ടർക്ക് എത്ര പേർക്കും വോട്ട് ചെയ്യാമെന്നിരിക്കെ വോട്ട് ഭിന്നിപ്പിക്കുക എന്നത് അസാധ്യമാണ്.

ഗുണങ്ങൾ

തന്റെ പാർട്ടിക്കാരനല്ലാത്ത വോട്ടറുടെ ‘സമ്മതം’ കൂടി കിട്ടിയാൽ മാത്രമേ രക്ഷ ഉള്ളു എന്നതിനാൽ രാഷ്ട്രീയക്കാർ വെറുപ്പിന്റെ രാഷ്ട്രീയവും, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രവും ഉപേക്ഷിക്കാൻ നിർബന്ധിതരാകും. അവർക്ക് സ്വന്തം പാർട്ടിക്കാരെ മാത്രമല്ല എല്ലാവരെയും പരിഗണിക്കേണ്ടി വരും.